HolyfireMedia logo HolyfireMedia
Back to Prarthanakal

Vaidikarkkuvendiyulla Prarthana (Prayer for Priests)

നിത്യ പുരോഹിതനായ ഈശോ, അങ്ങേ ദാസന്മാരായ വൈദികർക്ക് യാതൊരാപത്തും വരാതെ അങ്ങേ തിരു ഹൃദയത്തിൽ അഭയം നൽകണമേ. അങ്ങേ പരിശുദ്ധമായ ശരീരം ദിവസന്തോറും എടുക്കുന്ന അവരുടെ അഭിഷിക്ത കരങ്ങളെ മലിനമാക്കാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താൽ നനയുന്ന അവരുടെ നാവുകളെ നിർമ്മലമായി കാത്തുകൊള്ളണമേ. ശ്രേഷ്ഠമായ അങ്ങേ പൗരോഹിത്യത്തിന്റെ മഹനീയമുദ്ര പതിച്ചിരിയ്ക്കുന്ന അവരുടെ ഹൃദയങ്ങളെ ലോകവസ്തുക്കളിൽ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തുകൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്നേഹം അവരെ ലോകതന്ത്രങ്ങളിൽ നിന്നു സംരക്ഷിക്കട്ടെ. അവരുടെ പ്രയത്നങ്ങൾ ഫലസമൃദ്ധമായി ഭവിക്കട്ടെ. അവരുടെ ശുശ്രൂഷ ലഭിക്കുന്നവർ ഇഹത്തിൽ അവരുടെ ആനന്ദവും ആശ്വാസവും പരത്തിൽ നിത്യസൗഭാഗ്യത്തിന്റെ മകുടവും ആയിത്തീരട്ടെ. ആമ്മേൻ.

ലോകരക്ഷകനായ ഈശോ, അങ്ങേ പുരോഹിതരെയും വൈദിക ശുശ്രൂഷകരെയും ശുദ്ധീകരിക്കേണമേ. വൈദികരുടെ രാജ്ഞിയായ മറിയമേ, വൈദികർക്കുവേണ്ടി പ്രാർത്ഥിക്കണമേ.