Malayalam Holy Rosary (ജപമാല)
പരിശുദ്ധ കന്യകാമാതാവിന്റെ ജപമാല
പ്രാരംഭ പ്രാർത്ഥന
അളവില്ലാത്ത സകല നന്മ സ്വരൂപനായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ, നിസ്സാരരും നന്ദികെട്ട പാപികളുമായ ഞങ്ങൾ നിസ്സീമപ്രതാപവാനായ അങ്ങേ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അയോഗ്യരാകുന്നു. എങ്കിലും അങ്ങേ അനന്തമായ ദയയിൽ ശരണപ്പെട്ടുകൊണ്ട്, പരിശുദ്ധ ദൈവമാതാവിന്റെ സ്തുതിക്കായി ജപമാല യർപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ അർപ്പണം ഭക്തിയോടും ശ്രദ്ധയോടും കൂടെ ചെയ്യുന്നതിനു കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
സർവ്വശക്തനായ പിതാവും.......
1. സ്വർഗ.
പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
1. നന്മ.
പുത്രനായ ദൈവത്തിന്റെ മാതാവായിരിക്കുന്ന പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവശരണമെന്ന പുണ്യമുണ്ടായി വളരുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
1. നന്മ.
പരിശുദ്ധാത്മാവായ ദൈവത്തിന് ഏറ്റവും പ്രിയമുള്ള പരിശുദ്ധ മറിയമേ, ഞങ്ങളിൽ ദൈവസ്നേഹമെന്ന പുണ്യമുണ്ടായി വർദ്ധിക്കുന്നതിന് അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ.
1. നന്മ. 1. ത്രിത്വ.
കൊന്തയുടെ ഓരോ ദശകവും കഴിഞ്ഞ് ചൊല്ലുന്ന ഫാത്തിമാ സുകൃതജപം
ഓ! എന്റെ ഈശോയേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ, നരകാഗ്നിയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. എല്ലാ ആത്മാക്കളെയും പ്രത്യേകം അങ്ങേ സഹായവും കൂടുതൽ ആവശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്ക് ആനയിക്കണമേ.
പരിശുദ്ധ ജപമാലയുടെ രാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ
(തിങ്കൾ, ശനി ദിവസങ്ങളിൽ ചൊല്ലുന്നു.)
- പരിശുദ്ധ ദൈവമാതാവ് ഗർഭം ധരിച്ച് ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാർത്ത ഗ്രബിയേൽ മാലാഖ ദൈവകല്പനയാൽ അറിയിച്ചു എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ. - പരിശുദ്ധ ദൈവമാതാവ്, എലീശ്വാ ഗർഭിണിയായ വിവരം കേട്ടപ്പോൾ ആ പുണ്യവതിയെ ചെന്നുകണ്ട് മൂന്നു മാസത്തോളം അവൾക്കു ശുശ്രൂഷ ചെയ്തു എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ. - പരിശുദ്ധ ദൈവമാതാവ് തന്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിപ്പാൻ കാലമായപ്പോൾ ബെത്‍ലഹം നഗരിയിൽ പാതിരായ്ക്കു പ്രസവിച്ച് ഒരു തൊഴുക്കൂട്ടിൽ കിടത്തി എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ. - പരിശുദ്ധ ദൈവമാതാവ് തന്റെ ശുദ്ധീകരണത്തിന്റെ നാൾ വന്നപ്പോൾ ഈശോമിശിഹായെ ദേവാലയത്തിൽ കൊണ്ടുചെന്നു ദൈവത്തിനു കാഴ്ചവച്ച് ശിമയോൻ എന്ന മഹാത്മാവിന്റെ കരങ്ങളിൽ ഏല്പിച്ചു എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ. - പരിശുദ്ധ ദൈവമാതാവ് തന്റെ ദിവ്യകുമാരനു പന്ത്രണ്ടു വയസ്സായിരിക്കെ മൂന്നു ദിവസം അവിടത്തെ കാണാതെ അന്വേഷിച്ചിട്ട് മൂന്നാം നാൾ ദേവാലയത്തിൽ വച്ച് വേദശാസ്ത്രികളുമായി തർക്കിച്ചിരിക്കെയിൽ അവിടെ കണ്ട്െത്തി എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ.
പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ
(വ്യാഴാഴ്ചകളിൽ ചൊല്ലുന്നു)
- നമ്മുടെ കർത്താവീശോമിശിഹാ ജോർദാൻ നദിയിൽ വച്ച് സ്നാപകയോഹന്നാന്റെ കരങ്ങളിൽ നിന്ന് മാമ്മോദീസാ സ്വീകരിച്ചപ്പോൾ സ്വർഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ അവിടത്തെമേൽ എഴുന്നള്ളി വരികയും ചെയ്തു എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ. - നമ്മുടെ കർത്താവീശോമിശിഹാ കാനായിൽ വച്ച് വിവാഹവിരുന്നിന്റെ അവസരത്തിൽ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥത്താൽ വെള്ളം വീഞ്ഞാക്കി തന്റെ ആദ്യത്തെ അൽഭുതം പ്രവർത്തിച്ചു എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ. - നമ്മുടെ കർത്താവീശോമിശിഹാ ജോർദാനിലെ മാമ്മോദീസായ്ക്കും മരുഭൂമിയിലെ ഒരുക്കത്തിനും ശേഷം ദൈവരാജ്യത്തിന്റെ ആഗമനത്തെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുവാൻ ആരംഭിച്ചു എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ. - നമ്മുടെ കർത്താവീശോമിശിഹാ താബോർ മലമുകളിൽ വച്ച് തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരുടെ സാന്നിദ്ധ്യത്തിൽ രൂപാന്തരപ്പെട്ട് തന്റെ സ്വർഗ്ഗീയമഹത്വം അവർക്ക് വെളിപ്പെടുത്തി എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ. - നമ്മുടെ കർത്താവീശോമിശിഹാ സെഹിയോൻ ഊട്ടുശാലയിൽ വച്ച് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും അവർക്ക് സ്നേഹത്തിന്റെ പുതിയ കല്പന നൽകുകയും ചെയ്ത ശേഷം അവിടത്തെ സന്ദേഹത്തിന്റെ ശാശ്വതസ്മാരകമായ വിശുദ്ധ കുർബാന സ്ഥാപിച്ചു എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ.
ദുഃഖകരമായ ദിവ്യ രഹസ്യങ്ങൾ
(ചൊവ്വ, വെള്ളി ദിവസങ്ങളിൽ ചൊല്ലുന്നു)
- നമ്മുടെ കർത്താവീശോമിശിഹാ പൂങ്കാവനത്തിൽ പ്രാർത്ഥിച്ചിരിക്കുമ്പോൾ ചോര വിയർത്തു എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ. - നമ്മുടെ കർത്താവീശോമിശിഹാ പീലാത്തോസിന്റെ വീട്ടിൽ വച്ചു ചമ്മട്ടികളാൽ അടിക്കപ്പെട്ടു എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ. - നമ്മുടെ കർത്താവീശോമിശിഹായെ യൂദന്മാർ മുൾമുടി ധരിപ്പിച്ചു എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ. - നമ്മുടെ കർത്താവീശോമിശിഹാ മരണത്തിനു വിധിക്കപ്പെട്ടതിനുശേഷം തനിക്ക് അധികം അപമാനവും വ്യാകുലവുമുണ്ടാകുവാൻ വേണ്ടി അവിടത്തെ തിരുത്തോളിന്മേൽ ഭാരമുള്ള കുരിശുമരം ചുമത്തപ്പെട്ടുഎന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ. - നമ്മുടെ കർത്താവീശോമിശിഹാ ഗാഗുൽത്താമലയിൽ ചെന്നപ്പോൾ വ്യാകുലസമുദ്രത്തിൽ മുഴുകിയ പരിശുദ്ധ മാതാവിന്റെ മുമ്പാകെ തിരുവസ്ത്രങ്ങളുരിഞ്ഞെടുക്കപ്പെട്ട്, കുരിശിന്മേൽ തറയ്ക്കപ്പെട്ടുഎന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ.
മഹിമയുടെ ദിവ്യരഹസ്യങ്ങൾ
(ബുധൻ, ഞായർ ദിവസങ്ങളിൽ ചൊല്ലുന്നു)
- നമ്മുടെ കർത്താവീശോമിശിഹാ പീഡസഹിച്ചു മരിച്ചതിന്റെ മൂന്നാം നാൾ ಜയസന്തോഷങ്ങളോടെ ഉയിർത്തെഴുന്നള്ളി എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ. - നമ്മുടെ കർത്താവീശോമിശിഹാ തന്റെ ഉയിർപ്പിന്റെ ശേഷം നാല്പതാം നാൾ അത്ഭുതകരമായ മഹിമയോടും ജയത്തോടും കൂടെ തന്റെ ദിവ്യമാതാവും ശിഷ്യരും കണ്ടുകൊണ്ടു നിൽക്കുമ്പോൾ സ്വർഗാരോഹണം ചെയ്തു എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ. - നമ്മുടെ കർത്താവീശോമിശിഹാ പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത് എഴുന്നള്ളിയിരിക്കുമ്പോൾ സെഹിയോൻ ഊട്ടുശാലയിൽ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്റെ മേലും ശ്ലീഹന്മാരുടെ മേലും പരിശുദ്ധാത്മാവിനെ അയച്ചു എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ. - നമ്മുടെ കർത്താവീശോമിശിഹാ ഉയിർത്തെഴുന്നെള്ളി കുറേക്കാലം കഴിഞ്ഞപ്പോൾ കന്യകാമാതാവ് ഈ ലോകത്തിൽനിന്ന് മാലാഖമാരാൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ. - പരിശുദ്ധ ദൈവമാതാവ്, പരലോകത്തെത്തിയ ഉടനെ തന്റെ ദിവ്യകുമാരനാൽ സ്വർഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി മുടി ധരിക്കപ്പെട്ടു എന്നു ധ്യാനിക്കുക.
1. സ്വർഗ. 10. നന്മ. 1. ത്രിത്വ.
ജപമാല സമർപ്പണം
മുഖ്യദൂതനായ വി. മിഖായേലേ, ദൈവദൂതന്മാരായ വി. ഗബ്രിയേലേ, വി. റപ്പായേലേ, മഹാത്മാവായ വി. യൗസേപ്പേ, ശ്ലീഹന്മാരായ വി. പത്രോസേ, മാർ പൗലോസേ, മാർ യോഹന്നാനേ, ഞങ്ങളുടെ പിതാവായ മാർ തോമ്മാ, ഞങ്ങൾ വലിയ പാപികളായിരിക്കുന്നുവെങ്കിലും ഞങ്ങൾ ജപിച്ച ഈ പ്രാർത്ഥന നിങ്ങളുടെ കീർത്തനങ്ങളോടുകൂടെ ഒന്നായി ചേർത്തു പരിശുദ്ധ ദൈവമാതാവിന്റെ തൃപ്പാദത്തിങ്കൽ കാഴ്ചവയ്ക്കുവാൻ നിങ്ങളോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
മാതാവിന്റെ ലുത്തിനിയ
കർത്താവേ അനുഗ്രഹിക്കണമേ (കർത്താവെ...)
മിശിഹായേ അനുഗ്രഹിക്കണമേ (മിശിഹായേ...)
കർത്താവേ അനുഗ്രഹിക്കണമേ (കർത്താവേ...)
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ (മിശിഹായേ...)
മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ (മിശിഹായേ...)
സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ (ഞങ്ങളെ അനുഗൃഹിക്കണമേ)
ഭൂലോകരക്ഷകനായ പുത്രനായ ദൈവമേ (ഞങ്ങളെ അനുഗൃഹിക്കണമേ)
പരിശുദ്ധാത്മാവായ ദൈവമേ (ഞങ്ങളെ അനുഗൃഹിക്കണമേ)
ഏകദൈവമായ പരിശുദ്ധ ത്രിത്വമേ (ഞങ്ങളെ അനുഗൃഹിക്കണമേ)
"ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ"
പരിശുദ്ധ മറിയമേ...
ദൈവത്തിന്റെ പരിശുദ്ധ ജനനി...
കന്യകകൾക്കു മകുടമായ നിർമ്മല കന്യകേ...
മിശിഹായുടെ മാതാവേ...
ദൈവവരപ്രസാദത്തിന്റെ മാതാവേ...
പ്രത്യാശയുടെ മാതാവേ...
ഏറ്റവും നിർമ്മലയായ മാതാവേ...
അത്യന്ത വിരക്തയായ മാതാവേ...
കളങ്കമറ്റ കന്യകയായ മാതാവേ...
കന്യാത്വത്തിനു ഭംഗം വരാത്ത മാതാവേ...
സ്നേഹത്തിന് ഏറ്റം യോഗ്യയായ മാതാവേ...
അത്ഭുതത്തിനു വിഷയമായ മാതാവേ...
സദുപദേശത്തിന്റെ മാതാവേ...
സൃഷ്ടാവിന്റെ മാതാവേ...
തിരുസഭയുടെ മാതാവേ...
കരുണയുടെ മാതാവേ...
രക്ഷകന്റെ മാതാവേ...
ഏറ്റം വിവേകമതിയായ കന്യകേ...
വണക്കത്തിന് ഏറ്റം യോഗ്യയായ കന്യകേ...
സ്തുതിക്കു യോഗ്യയായ കന്യകേ...
മഹാവല്ലഭയായ കന്യകേ...
കനിവുള്ള കന്യകേ...
ഏറ്റവും വിശ്വസ്തയായ കന്യകേ...
നീതിയുടെ ദർപ്പണമേ...
ദിവ്യജ്ഞാനത്തിന്റെ സിംഹാസനമേ...
ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ...
ആത്മജ്ഞാന പൂരിത പാത്രമേ...
ബഹുമാനത്തിന്റെ പാത്രമേ...
അദ്ഭുതകരമായ ഭക്തിയുടെ പാത്രമേ...
ദിവ്യരഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ...
ദാവീദിന്റെ കോട്ടയെ...
നിർമ്മലദന്തം കൊണ്ടുള്ള കോട്ടയെ...
സ്വർണാലയമേ...
വാഗ്ദാനത്തിന്റെ പേടകമേ...
സ്വർഗ്ഗത്തിന്റെ വാതിലെ...
ഉഷ:കാല നക്ഷത്രമേ...
രോഗികളുടെ ആരോഗ്യമേ...
പാപികളുടെ സങ്കേതമേ...
കുടിയേറ്റക്കാരുടെ ആശ്വാസമേ...
പീഡിതരുടേ ആശ്വാസമേ...
ക്രിസ്ത്യാനികളുടെ സഹായമേ...
മാലാഖമാരുടെ രാജ്ഞി...
പൂർവപിതാക്കന്മാരുടെ രാജ്ഞി...
ദീർഘദർശികളുടെ രാജ്ഞി...
ശ്ലീഹന്മാരുടെ രാജ്ഞി...
വേദസാക്ഷികളുടെ രാജ്ഞി...
വന്ദകൻമാരുടെ രാജ്ഞി...
കുടുംബങ്ങളുടെ രാജ്ഞി...
കന്യകകളുടെ രാജ്ഞി...
സകലവിശുദ്ധരുടെയും രാജ്ഞി...
അമലോത്ഭവയായ രാജ്ഞി...
സ്വര്ഗാരോപിതയായ രാജ്ഞി...
പരിശുദ്ധജപമാലയുടെ രാജ്ഞി...
കർമ്മലസഭയുടെ അലങ്കാരമായ രാജ്ഞി...
സമാധാനത്തിന്റെ രാജ്ഞി...
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ
(കർത്താവേ ഞങളുടെ പാപങ്ങൾ ക്ഷമിക്കണമേ)
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ
(കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ)
ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടെ
(കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണമേ)